ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25-ൻ്റെ കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. 50 ദിവസങ്ങൾ മാത്രമാണ് മത്സരത്തിന് ശേഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കഠിനമായ മത്സരം എന്ന് വിളിക്കപ്പെടുന്ന ഈ ഐതിഹാസിക മത്സരം ക്രിക്കറ്റ് ലോകത്തെ ആവേശഭരിതരാക്കാൻ ഒരുങ്ങുകയാണ്.
ഓസ്‌ട്രേലിയയിൽ തുടർച്ചയായി രണ്ട് പരമ്പരകൾ നേടിയ ഇന്ത്യ, ഹാട്രിക്ക് ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇരു ടീമുകളിലെയും പല ഇതിഹാസങ്ങളെയും സംബന്ധിച്ച് ഇത് അവസാന ബോർഡർ- ഗവാസ്‌ക്കർ പരമ്പരയാകാനുള്ള സാധ്യത ഉള്ളതിനാൽ തന്നെ ആവേശകരമായ ഒരു പോരാട്ടം തന്നെ ഉറപ്പിക്കാം.
മറുവശത്ത്, തങ്ങളുടെ തട്ടകത്തിൽ തുടർച്ചയായി ടെസ്റ്റ് പരമ്പരയിൽ തോൽവി രുചിച്ച ഓസ്‌ട്രേലിയക്കാർ പ്രതികാരം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നേരത്തെ കടുത്ത മത്സരം ഉണ്ടായിരുന്നു, എന്നാൽ ഓസ്‌ട്രേലിയൻ മണ്ണിൽ തുടർച്ചയായി ടെസ്റ്റ് പരമ്പരകൾ നേടിയതിന് ശേഷം അത് ബഹുമാനമായി മാറിയെന്ന് ഇന്ത്യയുടെ ബാറ്റിംഗ് സൂപ്പർസ്റ്റാർ വിരാട് കോഹ്‌ലി പറഞ്ഞു. ഇപ്പോൾ ഓസ്‌ട്രേലിയക്കാർ തങ്ങളെ നിസ്സാരമായി കാണുന്നില്ലെന്നും വിരാട് കൂട്ടിച്ചേർത്തു.
സ്റ്റാർ സ്‌പോർട്‌സ് പങ്കിട്ട ഒരു വീഡിയോയിൽ വിരാട് കോഹ്‌ലി ഇങ്ങനെ പറഞ്ഞു: “നോക്കൂ, ആദ്യ വർഷങ്ങളിൽ മത്സരം വളരെ തീവ്രമായിരുന്നു. വളരെ സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു അത്. പക്ഷേ ഞങ്ങൾ അവിടെ രണ്ട് തവണ ഒരു പരമ്പര നേടിയതിനാൽ ഞാൻ ഇപ്പോൾ കാര്യങ്ങൾ മാറി.”
“മത്സരം ബഹുമാനമായി മാറിയെന്ന് ഞാൻ കരുതുന്നു. ഒരു ടെസ്റ്റ് ടീമെന്ന നിലയിൽ ഞങ്ങളെ അവർ നിസ്സാരമായി കാണുന്നില്ല. നിങ്ങൾ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമ്പോൾ ആ ബഹുമാനം നിങ്ങൾ കാണുന്നു. അവരെ അവരുടെ വീട്ടിൽ ചെന്ന് ഞങ്ങൾ അടിച്ചിട്ടു” വിരാട് കോഹ്‌ലി കൂട്ടിച്ചേർത്തു.