
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒമ്പത് വയസുകാരന് കായികരംഗത്ത് വിലപ്പെട്ട പാഠം നൽകുന്ന വീഡിയോ ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ച ചെയ്യുന്നത്. ഡൽഹിയിലെ രഞ്ജി ട്രോഫി മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ കോഹ്‌ലിയുടെ അണ്ടർ 17, അണ്ടർ 19 കാലത്തെ ഡൽഹി സഹതാരം കൂടിയായ ഷാവേസ് ഖാൻ്റെ മകൻ കബീർ, ഫിറോസ് ഷാ കോട്‌ലയിൽ വച്ച് കോഹ്‌ലിയോടപ്പം സമയം ചെലവഴിക്കുന്ന വീഡിയോ ആണ് വൈറൽ ആയത്.
ഇന്ത്യൻ ക്രിക്കറ്റ് താരമാകാൻ എന്താണ് ചെയ്യേണ്ടതെന്ന് കോഹ്‌ലിയോട് കബീർ ചോദിക്കുന്നു. കോഹ്‌ലി പറഞ്ഞു: “പരിശീലിക്കാൻ നിങ്ങളോട് പറയേണ്ടതില്ല. ദിവസവും പരിശീലിക്കാൻ നിങ്ങൾ സ്വയം ഓർമ്മിപ്പിക്കണം. ആരെങ്കിലും ഒരു മണിക്കൂർ പരിശീലിച്ചാൽ നിങ്ങൾ രണ്ട് മണിക്കൂർ പരിശീലിക്കണം. ആരെങ്കിലും 50 നേടിയാൽ നിങ്ങൾ 100 നേടണം. ഇനി ഒരാൾ 100 നേടിയാൽ, നിങ്ങൾ 200 അടിക്കുക. മാനദണ്ഡം എന്തായാലും, അതിൻ്റെ ഇരട്ടി ചെയ്യുക.”
തൻ്റെ മുൻ സഹതാരമായ കുട്ടിയുടെ പിതാവുമായി സന്തോഷ നിമിഷങ്ങൾ കൈമാറിയ കോഹ്‌ലി തൻ്റെ കളി ആസ്വദിക്കാൻ കുട്ടിയെ ഓർമ്മിപ്പിച്ചു. ഡൽഹിക്ക് വേണ്ടി കളിച്ച തങ്ങളുടെ ചെറുപ്പകാലത്തെ കുറിച്ച് ഷാവേസ് ഓർമ്മിപ്പിച്ചു.
ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള നവദീപ് സെയ്‌നി ഉൾപ്പെടെയുള്ള ഡൽഹി ടീമംഗങ്ങൾക്കൊപ്പം കോഹ്‌ലി നെറ്റ്‌സിൽ പരിശീലനം തുടരുകയാണ്. 12 വർഷത്തിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കോഹ്‌ലിക്ക് ഡൽഹി നായകസ്ഥാനം വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹം അത് നിരസിച്ചു. കഴിഞ്ഞ മത്സരത്തിൽ ഋഷഭ് പന്തും മുംബൈയ്ക്കായി രോഹിത് ശർമ്മയും ചെയ്തതുപോലെ ആയുഷ് ബഡോണിയെ സ്ഥാനത്ത് തുടരാൻ അനുവദിച്ചു. ജമ്മു കശ്മീരിനെതിരെ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയിൽ കളിക്കാനാണ് രോഹിത് തീരുമാനിച്ചത്.