വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് 4 മണിക്ക്. ഐസി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരാണ് ഹർജി നൽകിയത്. വിധിപറയുന്നതിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
അതേസമയം കേസിൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ നിർണായ സാക്ഷി സ്വാധീനിക്കപ്പെട്ടതായി സംശയമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആയിരം പേരുള്ള കേസ് ഡയറി കോടതി പരിശോധിച്ചു. മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ പ്രതികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ഇതിനിടെ കേസിൽ ആത്മഹത്യയും അനുബന്ധ കേസുകളുടെ അന്വേഷണവും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എൻ എം വിജയന്റെ മരണത്തിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണൻ ഒളിവിൽ പോയത്. എന്നാൽ സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടകയിൽ ആണെന്നും ഒളിവിൽ പോയെന്ന വാർത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണൻ വീഡിയോ പങ്കുവെച്ചിരുന്നു.