Fact Check: അദാനിയുടെ വൈദ്യുതിക്ക് കെഎസ്ഇബിയെക്കാള്‍ നിരക്ക് കുറവാണോ? യാഥാർഥ്യമിതാണ്

Fact Check: അദാനിയുടെ വൈദ്യുതിക്ക് കെഎസ്ഇബിയെക്കാള്‍ നിരക്ക് കുറവാണോ? യാഥാർഥ്യമിതാണ്

കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പ്രാബല്യത്തില്‍ വന്നപ്പോൾ ആണ് ചില ചർച്ചകൾ സോഷ്യൽ മീഡിയയിൽ എത്തിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഏഴ് രൂപ മുതല്‍ 140 രൂപ വരെ വിവിധ താരിഫുകളില്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

പ്രചരിക്കുന്നത് ഇങ്ങനെ

Jishad Sivan എന്ന വ്യക്തിയുടെ അകൗണ്ടിൽ നിന്നാണ് വീഡിയോ എത്തിയിരിക്കുന്നത്. “സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടിയതിന് ശേഷമുള്ള കെഎസ്ഇബിയുടെയും അദാനിയുടെയും നിരക്കുകള്‍ തമ്മിലുള്ള വിത്യാസം” എന്ന തലക്കെട്ട് നൽകിയാണ് രാപ്‍ഡ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വൈറല്‍ പോസ്റ്റിലുള്ള അദാനി ഇലക്ട്രിസിറ്റിയുടെ താരിഫ് നിരക്കിനെ കുറിച്ചും കേരളത്തിലെ വെെദ്യുതി നിരക്കിനെ കുറിച്ചും പരിശോധിക്കാനും, വെെറലായ കാർഡിൽ എന്തെങ്കിലും സത്യമുണ്ടൊയെന്ന് അന്വേഷിക്കാനും ഇന്ത്യടുഡേ ലേഖകൻ തീരുമാനിച്ചു.

കണ്ടെത്തിയ മാർഗം

വെെദ്യുതി നിരക്കിലെ വർധനവ് പ്രാബല്യത്തില്‍ വന്നശേഷം കെഎസ്ഇബി ഈടാക്കുന്ന നിരക്ക് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യ ടുഡേ ലേഖകൻ തീരുമാനിച്ചു. കെഎസ്ഇബിയുടെ ബില്‍ കാല്‍ക്കുലേറ്ററില്‍ താരിഫ് നിരക്കുകളുടെ വിശദാംശങ്ങളുണ്ട്. https://bills.kseb.in/ എന്ന ലിങ്കിലെ കണ്‍സ്യൂമ്ഡ് യൂണിറ്റ് എന്ന കോളത്തില്‍ എനര്‍ജി യൂസേജ് ടൈപ്പ് ചെയ്താല്‍ തത്തുല്യമായ എനര്‍ജി ചാര്‍ജ് ലഭ്യമാകും.

50 യൂണിറ്റില്‍ താഴെയുള്ള ഉപയോഗത്തിന് വര്‍ധനയില്ല, ഇത് യൂണിറ്റിന് 3.30 രൂപയായി തുടരും. 50 മുതല്‍ 100 യൂണിറ്റ് വരെ 4.15 രൂപ, 100-150 വരെ 5.25 രൂപ, 150 മുതല്‍ 200 വരെ 7.10 രൂപ, 200 മുതല്‍ 250 വരെ 8.35 രൂപ എന്നിങ്ങനെയാണ് ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് കെഎസ്ഇബി ഈടാക്കുന്ന നിരക്ക്. ഇതിനൊപ്പം ഫിക്‌സിഡ് ചാര്‍ജ്, ഫ്യുവല്‍ സര്‍ചാര്‍ജ്, മീറ്റര്‍ വാടക തുടങ്ങിയ നിരക്കുകളും ചേര്‍ത്താണ് ആകെ വൈദ്യുതി ബില്‍ കണക്കാക്കുന്നത്.

കെഎസ്ഇബി വൈദ്യുതി ചാര്‍ജ് കണക്കാക്കുന്ന രീതി പരിശോധിക്കാം.

ടെലിസോകോപിക്, നോണ്‍ ടെലിസ്‌കോപിക് എന്നിങ്ങനെ രണ്ട് രീതികളിലാണ് കെഎസ്ഇബി വൈദ്യുതി ചാര്‍ജ് കണക്കാക്കുന്നത്. 50 യൂണിറ്റ് വീതമുള്ള സ്ലാബുകളായി തിരിച്ച് വിവിധ നിരക്കുകള്‍ ഈടാക്കുന്നതാണ് ടെലിസ്‌കോപിക് രീതി. 250 യൂണിറ്റ് വരെയുള്ള ഉപയോഗമാണ് ടെലിസ്‌കോപിക് രീതിയില്‍ കണക്കാക്കുന്നത്. സാധാരണ ഗാര്‍ഹിക ഉപയോഗം ഇതില്‍ ഉള്‍പ്പെടുന്നതാണ്. 250 യൂണിറ്റിന് മുകളിലെ ഉപയോഗത്തിന് ഒരേ നിരക്ക് ഈടാക്കുന്നതാണ് നോണ്‍ടെലസ്‌കോപിക് രീതി. ഗാര്‍ഹിക ഉപയോഗത്തിനുള്ള എനര്‍ജി ചാര്‍ജ് കെഎസ്ഇബി കണക്കാക്കുന്ന പട്ടിക ചുവടെ കാണാം. (ഫിക്‌സഡ് ചാര്‍ജ്, മറ്റ് നികുതികള്‍ എന്നിവ ഒഴിച്ചുള്ള കണക്ക്)

അദാനി ഇലക്ട്രിസിറ്റിയുടെ വൈദ്യുതി ചാര്‍ജ് കണക്കാക്കുന്നത് ഇങ്ങനെ

അദാനി ഇലക്ട്രിസിറ്റിയുടെ താരിഫ് നിരക്കുകളാണ് ഞങ്ങള്‍ പിന്നീട് പരിശോധിച്ചത്. മഹാരാഷ്ട്രയില്‍ അദാനി കമ്പനിയുടെ വൈദ്യുതി വിതരണം സംബന്ധിച്ച വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതുപ്രകാരം എനര്‍ജി ചാര്‍ജിനൊപ്പം വീലിംഗ് ചാര്‍ജ് (വൈദ്യുതി ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനുള്ള തുക) ആയ 2.60 കൂടി ചേര്‍ത്താണ് വൈദ്യുതിയുടെ നിരക്ക് കണക്കാക്കുന്നത്. ഇവിടെ 500 യൂനിറ്റ് വരെ ഗാര്‍ഹിക ഉപഭോഗമായി കണക്കാക്കുന്നുണ്ട്. 2024 ഏപ്രില്‍ ഒന്നു മുതല്‍ 100 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് 5.75 രൂപയാണ് വീലിംഗ് ചാര്‍ജ് ഉള്‍പ്പെടെ നല്‍കേണ്ടത്. 100 മുതല്‍ 300 യൂണിറ്റ് വരെ എട്ട് രൂപയാണ് നിരക്ക്. അദാനി ഇലക്ട്രിസിറ്റിയുടെ ഗാര്‍ഹിക ഉപയോഗത്തിനുള്ള എനര്‍ജി ചാര്‍ജ് (ഫിക്‌സഡ് ചാര്‍ജ്, നികുതികള്‍ എന്നിവ ഒഴിച്ചുള്ള കണക്ക്). ഫിക്‌സിഡ് ചാര്‍ജായി 90 രൂപ മുതല്‍ 160 രൂപവരെയാണ് ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. കൂടാതെ 16% ഇലക്ട്രിസിറ്റി ഡ്യൂട്ടിയും 26.04% സെയില്‍സ് ഓഫ് ഇലക്ട്രിസിറ്റി ടാക്‌സും ഈടാക്കുന്നതായി കമ്പനിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യാഥാർഥ്യമെന്ത്?

അദാനി വെെദ്യുതി ബിൽ എല്ലാ മാസവും അയക്കണം. എന്നാൽ കേരളത്തിൽ വെെദ്യുതി ബിൽ രണ്ട് മാസത്തിലൊരിക്കാലാണ് അടക്കേണ്ടത്. വൈറല്‍ പോസ്റ്റുകളില്‍ അദാനി ഇലക്ട്രിസിറ്റിയുടെ എനര്‍ജി ചാര്‍ജ് മാത്രമാണ് കാണിച്ചിട്ടുള്ളത്. അദാനി ഇലക്ട്രിസിറ്റി ഈടാക്കുന്ന 2.60 രൂപ വീലിംഗ് ചാര്‍ജും കെഎസ്ഇബി ഈടാക്കുന്നില്ല. മാത്രമല്ല അദാനി ഇലക്ട്രിസിറ്റിക്ക് 101 മുതല്‍ 300വരെ ഒരേ താരിഫിലാണ് തുക കണക്കാക്കുന്നത്. കേരളത്തില്‍ 50 യൂണിറ്റുകള്‍ കൂടുംതോറും താരിഫ് വ്യത്യാസപ്പെടും. അതുകൊണ്ട് തന്നെ ഇവിടെ ബില്‍ തുക കുറയും. കൂടുതൽ വിശദീകരണത്തിനായി സോഷ്യൽ മീഡിയയ പരതിയപ്പോൾ കെഎസ്ഇബി വിശദീകരണം നൽകി പുറത്തുവിട്ട പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.

വിധി

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ പോസ്റ്റുകളില്‍ പറയുന്നതുപോലെ കെഎസ്ഇബിയുടെയും അദാനി ഇലക്ട്രിസിറ്റിയുടെയും ബില്ലുകള്‍ രണ്ട് വ്യത്യസ്ഥ തലങ്ങളിലുള്ളതാണെന്നും ഇവ കണക്കാക്കുന്നത് രണ്ട് രീതിയിലാണെന്നും വ്യക്തമായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *