ഓസ്‌ട്രേലിയക്ക് എതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനം തുടരുന്നു. മെൽബണിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന നാലാം ടെസ്റ്റിലും വിരാടിന് താളം കണ്ടെത്താനായില്ല. നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ വിരാട് കോഹ്‌ലി തുടക്കത്തിൽ ബൗളർമാരോട് വലിയ ബഹുമാനം കാണിച്ച് ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകൾ ഒകെ കളിക്കാതെ വിട്ടെങ്കിലും അവസാനം അതെ പ്രശ്നം കാരണം തന്നെ പുറത്താക്കുക ആയിരുന്നു. 36 റൺസാണ് കോഹ്‌ലിക്ക് നേടാനായത്.
ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടിയായി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മ, കെഎൽ രാഹുൽ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷം ജയ്‌സ്വാൾ- കോഹ്‌ലി സഖ്യം ഇന്ത്യയെ കരകയറ്റി. ജയ്‌സ്വാൾ പെർത്തിലെ ടെസ്റ്റിന് ശേഷം കളിച്ച ഏറ്റവും മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോൾ കോഹ്‌ലി സൂക്ഷിച്ച് കളിച്ച് അദ്ദേഹത്തിന് പിന്തുണയും നൽകി. അങ്ങനെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു എന്ന സൂചന കാണിച്ചപ്പോൾ ആയിരുന്നു ജയ്‌സ്വാളിന്റെ റണ്ണൗട്ട് പുറത്താകൽ.
ഇല്ലാത്ത റൺ എടുക്കാൻ ഓടി താരം വിക്കറ്റ് കളയുക ആയിരുന്നു. 82 റൺ എടുത്ത് പുറത്തായ ജയ്‌സ്വാൾ ശരിക്കും അസ്വസ്ഥൻ ആയിട്ടാണ് മടങ്ങിയത്. താരത്തിന്റെ പുറത്താക്കലിന് താനും ഒരു പങ്ക് വഹിച്ചു എന്നതിനാൽ അസ്വസ്ഥനായിരുന്നു തുടർന്ന് കോഹ്‌ലി. അതിനാൽ തന്നെ താരത്തിന് ശ്രദ്ധയും നഷ്ടപ്പെട്ടു. അതുവരെ നന്നായി ലീവ് ചെയ്ത കളിച്ച കോഹ്‌ലി സിക്സ്ത് സ്റ്റമ്പ് ലൈനിന് ബാറ്റ് വെച്ച് ബോളണ്ടിന് വിക്കറ്റ് നൽകി മടങ്ങുക ആയിരുന്നു.
കോഹ്‌ലി മടങ്ങിയതിന് പിന്നാലെ നൈറ്റ് വാച്ച്മാൻ ആകാശ് ദീപിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. അതോടെ 153 – 2 എന്ന നിലയിൽ നിന്നും 159 – 5 എന്ന നിലയിലേക്ക് ഇന്ത്യ ഒതുങ്ങി. നിലവിൽ ക്രീസിൽ തുടരുന്ന പന്ത് – ജഡേജ സഖ്യം എത്രനേരം ക്രീസിൽ ഉറച്ചുനിൽക്കും എന്നതിനെ അനുസരിച്ചിരിക്കും ഇനി ഇന്ത്യയുടെ ഈ ടെസ്റ്റിലെ ഭാവി.