‘ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം, പരാതിക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ’; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ

‘ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം, പരാതിക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ’; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.

അതേസമയം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചെമ്മണ്ണൂർ നടിക്കെതിരെ ആവർത്തിച്ചുള്ള ‘ലൈംഗിക ചൊവയുള്ള’ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തിയ കേസായതിനാൽ ജാമ്യം നൽകണോ എന്ന കാര്യത്തിൽ കോടതി ഇന്ന് വാദം കേൾക്കും.

കോടതിയിൽ ഹാജരാക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ വൈദ്യപരിശോധന നടത്തിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ വൈദ്യ പരിശോധനയ്ക്ക് എത്തിയത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ല എന്നും ആവർത്തിച്ച ബോബി ചെമ്മണ്ണൂർ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുൻപുണ്ടായ കാര്യങ്ങളിൽ ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി. ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് രാത്രി ഏഴുമണിയോടെയാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *