ജസ്പ്രീത് ബുംറയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നായകസ്ഥാനം നൽകുന്നതിനെതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത് ടെസ്റ്റ് ക്രിക്കറ്റിലെ നായകസ്ഥാനം ഉപേക്ഷിക്കാൻ തയാറായാൽ ഒരു ബാറ്റ്സ്മാൻ തന്നെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കണം എന്നാണ് കൈഫ് പറഞ്ഞത്. കെ എൽ രാഹുലും ഋഷഭ് പന്തുമാണ് ആ കാര്യത്തിന് അനുയോജ്യരായ താരങ്ങൾ എന്നും കൈഫ് അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് രോഹിത് ശർമ്മ പിന്മാറുക ആയിരുന്നു. ഒരു ബാറ്ററായും ക്യാപ്റ്റൻ എന്ന നിലയിലും അദ്ദേഹം പരാജയപ്പെട്ടു, ഇംഗ്ലണ്ടിലെ അടുത്ത ടെസ്റ്റ് പരമ്പരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. സമ്മർദത്തിനിടയിലും രോഹിത് താൻ വിരമിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഫോമിലേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. എന്നിരുന്നാലും, അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ആയിരിക്കും അദ്ദേഹത്തിൻ്റെ ഭാവി തീരുമാനിക്കുക. ക്യാപ്റ്റൻസി ബുംറയെ സമ്മർദ്ദത്തിലാക്കുമെന്ന് കൈഫ് പറഞ്ഞു. രാഹുലിനെയോ പന്തിനെയോ പോലെയുള്ള ഒരു ബാറ്ററാണ് ഈ ജോലിക്ക് അനുയോജ്യൻ എന്നും അദ്ദേഹം കരുതുന്നു.
“ജസ്പ്രീത് ബുംറയ്ക്ക് ക്യാപ്റ്റൻ്റെ ആംബാൻഡ് ലഭിക്കരുത്, കാരണം അവൻ വന്നാൽ അത് ഗുണം ചെയ്യില്ല. കാരണം ടീമിന് വേണ്ടി തൻ്റെ എല്ലാം നൽകുന്ന ഒരേയൊരു ബൗളറാണ് അദ്ദേഹം, ജോലിഭാരം കാരണം ഇതിനകം തന്നെ അദ്ദേഹം വളരെയധികം സമ്മർദ്ദത്തിലാണ്. ഒരുപാട് ഓവർ ബൗൾ ചെയ്യുന്നതിനാലാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്, പരുക്ക് കാരണം അദ്ദേഹം പുറത്താകുന്നത് ഇതാദ്യമല്ല,’ മുഹമ്മദ് കൈഫ് പറഞ്ഞു.
“ടെസ്റ്റ് ക്യാപ്റ്റൻസി ബുംറയ്ക്ക് നൽകുന്നതിൽ ഞാൻ അനുകൂലമല്ല. രോഹിത് ശർമ്മ പടിയിറങ്ങുമ്പോൾ ഋഷഭ് പന്തിനെപ്പോലെയോ കെ എൽ രാഹുലിനെപ്പോലെയോ ആരെങ്കിലും ചുമതലയേൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭും രാഹുലും ഫ്രാഞ്ചൈസികളെ നയിച്ചിട്ടുണ്ട്”അദ്ദേഹം കൂട്ടിച്ചേർത്തു.
2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ബുംറ ഇന്ത്യയെ രണ്ട് തവണ നയിച്ചു. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 295 റൺസിന് ഇന്ത്യ ജയിക്കുമ്പോൾ ബുംറ ആയിരുന്നു നായകൻ.