മൂക്കിൽ ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്‍റെ കാഴ്ച നഷ്ടമായി; മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി യുവതി

മൂക്കിൽ ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്‍റെ കാഴ്ച നഷ്ടമായി; മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി യുവതി

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവതി. മൂക്കിലെ ദശമാറ്റുന്നതിനായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായാണ് പരാതി. അഞ്ചരക്കണ്ടി മായമങ്കണ്ടി സ്വദേശി രസ്ന(30) മുഖ്യമന്ത്രിയ്ക്കും ആരോ​ഗ്യ മന്ത്രിയ്ക്കുമാണ് പരാതി നൽകിയത്.

മൂക്കിലെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ വലതു കണ്ണിന്റെ നഷ്ടപ്പെട്ടമായെന്നാണ് യുവതിയുടെ പരാതി. ഒക്ടോബർ 24നായിരുന്നു ശസ്ത്രക്രിയ നടന്നത്. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണ് തുറന്നപ്പോഴാണ് കാഴ്ച നഷ്ടമായതെന്നാണ് മനസിലായതെന്ന് യുവതിയുടെ ഭർത്താവും സഹോദരനും പത്രസമ്മേളനത്തിൽ പറഞ്ഞു. അപ്പോൾ തന്നെ രസ്ന ഡോക്ടർമാരുടെ വിവരം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നീർക്കെട്ട് കൊണ്ടാണെന്നും രണ്ടു ദിവസത്തിന് ശേഷം ശരിയാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

പിന്നീട് വലതുകണ്ണിന് ചുറ്റും ചുവന്നതോടെ നേത്രരോ​ഗ വിദ​ഗ്ധരെ കാണാൻ ഡോക്ട‍മാർ നിർദേശിച്ചു. കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാ സമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസപ്പെട്ടെന്നാണ് നേത്ര വിദ​ഗ്ധർ വ്യക്തമാക്കിയത്. ഉടനെ ചികിത്സ നേടണമെന്നും നിർദേശിച്ചിരുന്നു. ചികിത്സയ്ക്കായി വീണ്ടും മെഡിക്കൽ കോളേജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവെപ്പെടുത്തു. രണ്ടാഴ്ച കൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് അവിടെ നിന്ന് പറഞ്ഞത്.

അടുത്ത ദിവസമായിട്ടും മാറ്റമൊന്നും ഇല്ലാതെ വന്നതോടെയാണ് യുവതിയെ കോയമ്പത്തൂരിലുള്ള അരവിന്ദ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയത്. അപ്പോഴാണ് വലത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. കണ്ണ് ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ സാധിക്കില്ലെന്നും വലത് മൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലന ശേഷി നഷ്ടപ്പെട്ടെന്നും കണ്ടെത്തിയത്. കണ്ണൂർ സർവകലാശാല താവക്കര ക്യാംപസിലെ അക്ഷയ കേന്ദ്രത്തിൽ ജീവനക്കാരിയായിരുന്നു രസ്ന. കാഴ്ച നഷ്ടമായതോടെ ജോലി ചെയ്യാനാകാത്ത സാഹചര്യമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *