
ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി – ആര്‍എസ്എസ് എന്നിവ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങളെ സഹായിക്കില്ല.
ആരാധനാലയങ്ങളുടെ നിയമത്തെ മറികടന്നുളള കോടതി വിധികളില്‍ സുപ്രീംകോടതി ഇടപെടണം. സര്‍വ്വേ നടത്താനുളള കീഴ്ക്കോടതി വിധികള്‍ റദ്ദാക്കാന്‍ സുപ്രീംകോടതി ഇടപെടണം. മുസ്ലീം പളളികള്‍ പുരാതന ക്ഷേത്രങ്ങളാണെന്ന വാദവുമായി നിരവധി ഹര്‍ജികള്‍ വന്നത് ആശങ്കപ്പെടുത്തുന്നതാണ
രാജ്യത്തെ ആരാധനാലയങ്ങളുടെ 1947 ആഗസ്ത് 15ലെ സ്ഥിതി സംരക്ഷിക്കാന്‍ വ്യവസ്ഥ ചെയ്തുള്ള ആരാധനാലയ സംരക്ഷണ നിയമം(1991) ഫലപ്രദമായി നടപ്പാക്കണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദുകളുടെ സ്ഥാനത്ത് ഹിന്ദുക്ഷേത്രങ്ങളായിരുന്നെന്ന് അവകാശപ്പെടുന്ന ഹര്‍ജികള്‍ കീഴ്ക്കോടതികള്‍ പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് ആശങ്കജനകമാണ്. വാരാണസിക്കും മഥുരയ്ക്കും പിന്നാലെ, സംഭലിലുള്ള 16-ാം നൂറ്റാണ്ടിലെ മസ്ജിദില്‍ സര്‍വെയ്ക്ക് കീഴ്ക്കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് മുസ്ലിംയുവാക്കള്‍ കൊല്ലപ്പെട്ടു.
അജ്മീര്‍ ദര്‍ഗ സംബന്ധിച്ചും സമാന ഹര്‍ജി സിവില്‍ കോടതി ഫയലില്‍ സ്വീകരിച്ച് നോട്ടീസയച്ചു-പിബി കമ്യൂണിക്കെയില്‍ ചൂണ്ടിക്കാട്ടി. ആരാധനാലയ സംരക്ഷണ നിയമം ഉയര്‍ത്തിപ്പിടിച്ച് ഇത്തരം നിയമനടപടികള്‍ക്ക് വിരാമമിടാന്‍ സുപ്രീംകോടതി തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. അയോധ്യ തര്‍ക്കത്തില്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് 2019ലെ വിധിയില്‍ ഈ നിയമത്തിന്റെ സാധുത അംഗീകരിച്ചതാണ്. ഈ ദിശയില്‍ നീങ്ങാനും നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാനും സുപ്രീംകോടതി തയ്യാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടു.