
ഓസ്‌ട്രേലിയയോട് ബോർഡർ-ഗവാസ്‌കർ ട്രോഫി ഇന്ത്യ തോറ്റത് ഭാര്യമാരുടെയും കുടുംബത്തിൻ്റെയും സാന്നിധ്യം കൊണ്ടല്ലെന്ന് ഹർഭജൻ സിങ്. 45 ദിവസത്തെ പര്യടനത്തിൽ കുടുംബ സമയം 14 ദിവസമായി പരിമിതപ്പെടുത്തി കളിക്കാർക്കായി ബിസിസിഐ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം ആണ് തന്റെ അഭിപ്രായം പറഞ്ഞത്. പുതിയ നിയമങ്ങളിൽ ഭൂരിഭാഗവും തൻ്റെ കാലത്തും നിലവിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തോൽവിയുടെ പ്രധാന കാരണം മോശം ക്രിക്കറ്റ് ആണെന്ന് പറഞ്ഞു.
സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ 3-0ന് വൈറ്റ്വാഷ് നേരിട്ട ഇന്ത്യ ഓസ്‌ട്രേലിയയോട് അഞ്ച് ടെസ്റ്റുകളുടെ പരമ്പര 3-1ന് കീഴടങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ക്രിക്കറ്റ് താരങ്ങൾക്കായി 10 പോയിൻ്റ് അടങ്ങിയ നയ മാർഗ്ഗനിർദ്ദേശം കൊണ്ടുവന്നു. ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാൻ താരങ്ങൾ തയാറായില്ലെങ്കിൽ കേന്ദ്ര കരാർ ഉൾപ്പടെ ഒഴിവാകുമെന്ന് താരങ്ങളോട് ബിസിസിഐ പറഞ്ഞിട്ടുണ്ട്.
“ഞാൻ രാജ്യത്തിനായി കളിച്ച സമയം മുതൽ ഈ നിയമങ്ങൾ ഒകെ ഉണ്ടായിരുന്നു.” ഹർഭജൻ പറഞ്ഞു. “കുടുംബ സമയം, ഹോട്ടൽ താമസം, പരിശീലനം എന്നിവയുൾപ്പെടെ 10 പോയിൻ്റിൽ ഒമ്പതും എന്റെ സമയത്തും ഉണ്ടായിരുന്നു. ഈ നിയമങ്ങൾ എൻ്റെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ, ആരാണ് അവ മാറ്റിയത്, എന്തുകൊണ്ട്? അന്വേഷണം വേണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
മാർഗനിർദേശങ്ങളേക്കാൾ പ്രകടനത്തിൻ്റെ കാര്യത്തിലാണ് ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഇതിഹാസ സ്പിന്നർ കരുതുന്നു.
“മോശം പ്രകടനത്തിൻ്റെ പ്രധാന പ്രശ്നത്തെക്കുറിച്ചല്ല നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. രണ്ടുമാസമായി ഭാര്യമാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യം കാരണം അല്ല തോറ്റത്. ഞങ്ങൾ ഓസ്‌ട്രേലിയയിൽ നല്ല ക്രിക്കറ്റ് കളിച്ചില്ല, ന്യൂസിലൻഡിനെതിരെ നന്നായി ബാറ്റ് ചെയ്തില്ല. ഈ കാര്യങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല, ഫീൽഡിന് പുറത്തുള്ള കാര്യങ്ങളിലാണ് എല്ലാവരും ശ്രധികുനത്.” അദ്ദേഹം പറഞ്ഞു.