ഇടുക്കി മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇന്നലെയാണ് അമർ ഇലാഹി എന്ന ഇരുപത്തിരണ്ടുകാരൻ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത്.
സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്നാണ് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടിരിരിക്കുന്നത്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് അമർ ഇലാഹിയെ കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.