
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ് ഇന്ത്യൻ താരമായ ജസ്പ്രീത് ബുംറ. ടീം തോൽവി മുൻപിൽ കാണുന്ന സമയത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ 93 ആം നമ്പർ ജേഴ്‌സി അണിഞ്ഞ കളിക്കാരനെ ഇറക്കി വിടും. പിന്നെ എതിരാളികളെ സംഹരിച്ചിട്ടേ അദ്ദേഹം നിർത്തു. അതിന് ഉത്തമ ഉദാഹരണമാണ് ഈ വർഷം നടന്ന ടി-20 ലോകകപ്പ്. പ്രയാസമായ മത്സരം എളുപ്പമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച താരമാണ് ജസ്പ്രീത് ബുംറ.
ടെസ്റ്റിലെ നമ്പർവൺ ബോളറാണ് ഇപ്പോൾ ജസ്പ്രീത് ബുംറ. എന്നാൽ ബുംറയുടെ വീക്നെസ് എന്താണെന്നും അദ്ദേഹത്തെ ഒതുക്കാൻ പറ്റിയ തന്ത്രം ഏതാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ മൈക്കിൾ വോൺ.
മൈക്കിൾ വോൺ പറയുന്നത് ഇങ്ങനെ:
“ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ബുംറ അത്ര മികവ് പുറത്തെടുക്കാറില്ല. ഈ വീക്ക്‌നെസ് മുതലാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കേണ്ടത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് ലൈനപ്പില്‍ വലിയൊരു മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒരു ടെസ്റ്റ് കണ്ടപ്പോള്‍ ടോപ്പ് ത്രീയില്‍ ഇംഗ്ലണ്ടിനു ഒരു ഇടംകൈയന്‍ ബാറ്റര്‍ കൂടി ആവശ്യമുണ്ടെന്നു എനിക്കു മനസ്സിലായി”
മൈക്കിൾ വോൺ തുടർന്നു:
“വലംകൈയന്‍ ബാറ്റര്‍മാരുടെ പാഡിലേക്കു ന്യൂബോള്‍ എറിഞ്ഞ് അവരെ കുഴപ്പത്തിലാക്കാന്‍ ജസ്പ്രീത് ബുംറയ്ക്കു സാധിക്കുന്നു. ഇതു കാരണം നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ പതറി. വലംകൈയന്‍ ബാറ്റര്‍മാരെ അപേക്ഷിച്ച് ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കു ജസ്പ്രീത് ബുംറയെ കൂടുതല്‍ നന്നായി നേരിടാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നു. ഇപ്പോള്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്നാം നമ്പറില്‍ ബെന്‍ സ്റ്റോക്‌സുണ്ടായിരുന്നെങ്കില്‍ അതു ടീമിനു മുതല്‍ക്കൂട്ടായി മാറുമായിരുന്നു” മൈക്കിൾ വോൺ പറഞ്ഞു.