ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ അടിച്ചുകൂട്ടിയത് 474 റൺസാണ്. 140 അടിച്ചെടുത്ത സ്റ്റീവൻ സ്മിത്തിന്റെ കരുത്തിലാണ് ഓസീസ് കൂറ്റൻ സ്‌കോർ പടുത്തുയുയർത്തിയത്. മെൽബണിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിന് മർനസ് ലബുഷെയ്ൻ (72), സാം കോൺസ്റ്റാസ് (60), ഉസ്മാൻ ഖവാജ (57) എന്നിവരും അർധ സെഞ്ചുറികളും ഗുണം ചെയ്തിരുന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി.
ഇന്നലെ കളി അവസാനിക്കുമ്പോൾ ആറിന് 311 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയക്കായി സ്മിത്ത്- കമ്മിൻസ് സഖ്യമാണ് സ്കോർ ഉയർത്തിയത്. ബുംറയെ ബഹുമാനത്തിൽ നേരിട്ട ഇരുവരും ബാക്കി ബോളർമാർക്ക് ആവശ്യത്തിന് കൊടുത്തു. അതിനിടയിൽ രോഹിതിന്റെ ക്യാപ്റ്റൻസി ദുരന്തം കൂടി ആയപ്പോൾ ഓസ്‌ട്രേലിയക്ക് കാര്യങ്ങൾ എളുപ്പമായി എന്ന് തന്നെ പറയാം.
മുൻ ഇന്ത്യൻ താരം എംഎസ്കെ പ്രസാദ് രോഹിതുമായി ബന്ധപ്പെട്ട് പറഞ്ഞ അഭിപ്രായം ഇങ്ങനെയാണ്- “ടീമിൻ്റെ പ്രകടനത്തിൽ ക്യാപ്റ്റൻസി നേരിട്ട് സ്വാധീനം ചെലുത്തുന്നു. നിർഭാഗ്യവശാൽ, രോഹിത് സജീവമായിരുന്നില്ല, ബുദ്ധിമുട്ടുകയാണ്. സാം കോൺസ്റ്റാസ് എല്ലാ താരങ്ങളെയും അടിച്ചോടിച്ചപ്പോൾ, മറ്റൊരു താരത്തെ പരീക്ഷിക്കുന്നതിന് ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം 11 ഓവർ തുടർന്നു.”
“ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര മുതൽ അദ്ദേഹത്തിൻ്റെ ബാറ്റിംഗ് സാധാരണമാണ്, കൂടാതെ അദ്ദേഹം ഓസ്‌ട്രേലിയയിൽ വന്നപ്പോഴും ഫോമിൽ അല്ല. ഓസ്‌ട്രേലിയയിൽ ഞങ്ങൾ നേടിയ അവസാന രണ്ട് പരമ്പരകൾ പരിശോധിച്ചാൽ, വിരാട് കോഹ്‌ലിയാണ് ആദ്യ അവസരത്തിൽ മുന്നിൽ നിന്ന് നയിച്ചത്. കഴിഞ്ഞ പരമ്പരയിൽ അഡ്‌ലെയ്ഡിൽ ഞങ്ങൾ 36 റൺസിന് പുറത്തായി നാണംകെട്ട തോൽവിയെറ്റ് വാങ്ങിയപ്പോൾ, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അജിങ്ക്യ രഹാനെ മിന്നുന്ന സെഞ്ചുറിയോടെ ടീമിനെ പുനരുജ്ജീവിപ്പിച്ചു,” എംഎസ്‌കെ പ്രസാദ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും കെ എൽ രാഹുലിനായി ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത രോഹിത് ഇന്ന് നാലാം ടെസ്റ്റിൽ ഓപ്പണിങ്ങിൽ ഇറങ്ങിയെങ്കിലും വെറും 3 റൺ മാത്രമെടുത്ത് താരം പുറത്തായി.