സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍; ഇടിച്ച് കൊന്നാല്‍ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; കടുത്ത നടപടികളുമായി ഗതാഗത വകുപ്പ്

സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍; ഇടിച്ച് കൊന്നാല്‍ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; കടുത്ത നടപടികളുമായി ഗതാഗത വകുപ്പ്

സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. സ്വകാര്യ ബസുകള്‍ വരുത്തിവയ്ക്കുന്ന റോഡപകടങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

തിരുവനന്തപുരം കിഴക്കേകോട്ട അപകടത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മത്സരയോട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടാകുന്നത്. ഇതവസാനിപ്പിക്കാനായി ജിയോ ടാഗിങ് ഏര്‍പ്പെടുത്തും. ബസിലെ ഡ്രൈവിങ് സംബന്ധിച്ചുള്ള പരാതികള്‍ അറിയിക്കുന്നതിനായി ഒരു ഫോണ്‍ നമ്പര്‍ പതിപ്പിക്കാനും ഉടമകളോട് ആവശ്യപ്പെട്ടു. ആരുടെ നമ്പറാണ് കൊടുത്തിരിക്കുന്നത് എന്ന് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. പരാതികളില്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നീട് പതിപ്പിക്കുന്ന നമ്പര്‍ എംവിഡിയുടേതായിരിക്കും. ബസിലെ എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ആര്‍ടിഓഫീസുകള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ ആരംഭിക്കും.

ബ്ലാക് സ്‌പോട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉണ്ടാകും. സ്വകാര്യ ബസുകള്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കും. സമയം തെറ്റിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് പിഴ നല്‍കും. റൂട്ടുകള്‍ കട്ട് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. ലോറി മറിഞ്ഞു നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിള്‍സ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏര്‍പ്പാട് ഉടനെ ചെയ്യുമെന്നും, താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരാമായ ഡിവൈഡര്‍ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ തിരുവനതപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്റെ ഷോല്‍ഡര്‍ പണി പൂര്‍ത്തിയാക്കും. അവിടെ ഒരു റിറ്റൈനിങ് മതില്‍ പണിയുകയും ഒപ്പം റോഡില്‍ നിന്ന് മാറി നടന്നുപോകാന്‍ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ജംഗ്ഷനില്‍ ഉള്ള ബസ് ബേ അവിടുന്ന് മാറ്റും. ജംഗ്ഷനില്‍ വെള്ളം കെട്ടാതിരിക്കാനുള്ള സംവിധാനം ഉടന്‍തന്നെ ഹൈവേ അതോരിറ്റി ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അടിയന്തിരമായി ഒരാഴ്ചയ്ക്കുള്ളില്‍ അവിടെ ചെയ്യണ്ട ജോലികളുടെ ഡിസൈന്‍ പിഡബ്ല്യുഡി നാഷണല്‍ ഹൈവേ വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈവേ അതോറിറ്റി ഡയറക്ടര്‍ക്ക് കൈമാറും. ഒരു കോടി രൂപയ്യ്ക്ക് മുകളില്‍ ആണ് എസ്റ്റിമേറ്റ്. മറ്റൊരു ബ്ലാക്ക്സ്പോട്ട് ആയ മുണ്ടൂര്‍ ജംഗ്ഷനിലും ഫ്ലാഷ് ലൈറ്റ് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *