സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തി, രാഹുല്‍ ഗാന്ധിയും സംഘവും രാജ്യത്തോട് മാപ്പ് പറയണം; കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ബിജെപി

സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തി, രാഹുല്‍ ഗാന്ധിയും സംഘവും രാജ്യത്തോട് മാപ്പ് പറയണം; കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് രൂപംനല്‍കുമെന്ന് ബിജെപി

പാര്‍ലമെന്റില്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ അക്രമം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും രാജ്യത്തിനോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ലമെന്റില്‍ ജനാധിപത്യ രീതിയില്‍ സംവദിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസുകാര്‍ കായികമായ രീതിയില്‍ എതിരാളികളെ കീഴടക്കാന്‍ ശ്രമിക്കുന്നതാണ് രാജ്യം കണ്ടത്. ബിജെപിയുടെ സീനിയര്‍ എംപിമാരെ വരെ അതിക്രൂരമായ രീതിയിലാണ് രാഹുല്‍ ഗാന്ധിയും സംഘവും നേരിട്ടത്. വനിതാ എംപിക്കു വരെ വളരെ മോശം അനുഭവമാണ് രാഹുലില്‍ നിന്നുണ്ടായത്.

തന്റെ സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും ഉണ്ടായത്. തനിക്ക് പക്വത വന്നിട്ടില്ലെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവങ്ങള്‍. നാലാംകിട കെഎസ്യു കാരന്റെ പെരുമാറ്റമാണ് പ്രതിപക്ഷ നേതാവില്‍ നിന്നും ഉണ്ടായത്. എംപിമാരെ അക്രമിച്ചതിനു ശേഷവും രാഹുല്‍ ഗാന്ധിയുടെ പ്രതികരണം അങ്ങേയറ്റം നിന്ദ്യമായ രീതിയിലായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിന്തുടര്‍ച്ചക്കാരില്‍ നിന്നും രാജ്യം മറിച്ച് ഒരു പ്രവര്‍ത്തനം പ്രതീക്ഷിക്കുന്നുമില്ല.

മൂന്നാം വട്ടവും ജനങ്ങള്‍ പ്രതിപക്ഷത്തിരുത്തിയതിന്റെ ചൊരുക്കാണ് രാഹുല്‍ഗാന്ധി പാര്‍ലമെന്റിനോട് കാണിക്കുന്നത്. കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ പ്രവൃത്തിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *