ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. പിന്നെ സംഭവിച്ചത് എന്താണെന്ന് അദ്ദേഹത്തിന് ഓർമ്മ ഉണ്ടാകാൻ വഴിയില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ വെറും 46 റൺസിനാണ് പുറത്തായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത്തിന്റെ തീരുമാനം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പാളി പോയെന്ന് തുടക്കം തന്നെ വ്യക്തമായിരുന്നു. കിവി ബോളർമാർ സാഹചര്യം നന്നായി മുതലെടുത്ത് പന്തെറിഞ്ഞപ്പോൾ 2 റൺ എടുത്ത രോഹിത്തിന്റെ വിക്കറ്റാണ് നഷ്ടമായത്. തൊട്ടുപിന്നാലെ 8 വർഷത്തിന് ശേഷം മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്‌ലി റൺ ഒന്നും എടുക്കാതെ മടങ്ങിയപ്പോൾ സർഫ്രാസും പൂജ്യനായി തന്നെ മടങ്ങി. ശേഷം ജയ്‌സ്വാളും പന്തും ചേർന്ന് ഇന്ത്യയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും 13 റൺ എടുത്ത് ജയ്‌സ്വാൾ മടങ്ങിയതോടെ ആ പ്രതീക്ഷയും പോയി.
തൊട്ടുപിന്നാലെ ക്രീസിൽ എത്തിയ രാഹുലും അതിന് ശേഷം എത്തിയ ജഡേജയും പൂജ്യനായി മടങ്ങി. ലഞ്ച് ബ്രേക്ക് ഇടവേളക്ക് ശേഷമെത്തിയപ്പോൾ ആദ്യ പന്തിൽ തന്നെ അശ്വിനും പൂജ്യനായി മടങ്ങി. ഇതോടെ പൂജ്യനായി മടങ്ങുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റർ ആയി താരം മാറി. 20 റൺ എടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സൂപ്പർ താരം ജസ്പ്രീത് ബുംറ 1 റൺ എടുത്താണ് പുറത്തായിരിക്കുന്നത്. ഒടുവിൽ സിറാജ് 4 റൺ എടുത്ത് മടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. കിവീസിനായി ഹെൻറി 5 വിക്കറ്റ് നേടിയപ്പോൾ വില്യം ഒരൂർക്കെ എന്നിവർ 4 വിക്കറ്റ് നേടി. സൗത്തി ഒരു വിക്കറ്റും നേടി മികവ് കാണിച്ചു.`
ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തിനെതിരെ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. ആർസിബിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം ആയതിനാൽ തന്നെ ആ പേരിൽ ആയിരുന്നു കളിയാക്കലിൽ ഭൂരിഭാഗവും. “ബാംഗ്ലൂരിൽ കളിക്കുന്നത് മുതൽ ആർസിബിക്കെതിരെയാണ് കളിക്കുന്നതെന്ന് ന്യൂസിലൻഡ് കരുതുന്നുണ്ടാകണം”. ഒരു ആരാധകൻ എഴുതി
“ആർസിബി ഇനി ബെംഗളൂരുവിൽ ഏറ്റവും നാണംകെട്ട ടീമല്ല.” മറ്റൊരാൾ അഭിപ്രായപ്പെട്ടു
“34-6. ആദ്യം ബാറ്റ് ചെയ്യാനുള്ള ഉജ്ജ്വലമായ ആശയം. ഈ പരമ്പരയിൽ ഒന്നായി മുന്നേറും. എന്നാൽ ഏറ്റവും പ്രധാനമായി ഇത് വിദേശ ഫാസ്റ്റ് ബൗളിംഗ് സാഹചര്യങ്ങൾക്കെതിരെ ഞങ്ങളുടെ യഥാർത്ഥ ശക്തി കാണിച്ചു. BGT ഒരു പേടിസ്വപ്നമായിരിക്കും, ഒരു വൈറ്റ്വാഷിനായി പ്രതീക്ഷിക്കാം.” ഒരു ആരാധകൻ അഭിപ്രായപ്പെട്ടു
ഇന്ത്യയിൽ ന്യൂസിലൻഡിന് മോശം റെക്കോർഡാണ് ഉള്ളത് എന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യൻ മണ്ണിൽ അവർ കളിച്ച 36 ടെസ്റ്റുകളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമാണ് അവർക്കുള്ളത്. 1988 ന് ശേഷം ഇന്ത്യയിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം നേടാനുള്ള ശ്രമത്തിലാണ് അവർ ഇപ്പോൾ.